ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം
20-ാം നൂറ്റാണ്ടിനു മുമ്പും അതിന്റെ ആദ്യപകുതി വരേയും പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഏതാനും ജന്മിമാരുടേതായിരുന്നു. ഇടക്കുന്നിവാരിയം, ചാഴൂര്‍കോവിലകം, ഗ്രാങ്ങാട്മന, പാലിയംദേവസ്വം, കുമരപുരംസ്വരൂപം, ലൂര്‍ദ്ദ്പള്ളി എന്നിങ്ങനെയുള്ള ജന്മിത്തറവാടുകള്‍, ദേവസ്വങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്ന് കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍. ഇവരുടെ പാട്ടകുടിയാന്‍മാരൂം കീഴ്കുടിയാന്‍മാരുമായിരുന്നു കൃഷിഭൂമിയില്‍ കൃഷി ചെയ്തിരുന്നത്. ഇക്കണ്ടവാര്യര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടക്കം കുറിച്ചതും 1957, 1964, 1970 എന്നീ വര്‍ഷങ്ങളിലെ നിയമഭേദഗതികളിലൂടെ നടപ്പില്‍ വന്നതുമായ കാര്‍ഷികപരിഷ്ക്കരണനിയമത്തിന്റെ ഫലമായി ജന്മിമാര്‍ക്കോ, മധ്യവര്‍ത്തികള്‍ക്കോ പാട്ടമളക്കലും കാഴ്ചദ്രവ്യം വെക്കലുമൊക്കെ തുടച്ചുനീക്കപ്പെട്ടു. നിശ്ചിതസംഖ്യ ഒരുമിച്ചോ, ഗഡുക്കളായോ അടച്ചാല്‍ കുടിയാന്‍മാര്‍ക്കെല്ലാം ഭൂമി സ്വന്തമായി ലഭിക്കുമെന്നാ ഉള്ള സാഹചര്യം സംജാതമായി. പാട്ടപ്പറകളും, പൊതിക്കാളകളും, കാഴ്ചക്കുലകളും വഴിമാറി പുതിയൊരു കാര്‍ഷിക-സാമൂഹ്യ അന്തരീക്ഷത്തിന് നാന്ദി കുറിച്ചു. പഞ്ചായത്തിന്റെ വിസ്തൃതമായൊരു ഭാഗം വനപ്രദേശമായിരുന്നു. നാല്‍പതുകളിലുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം കാരണം വനപ്രദേശം വെട്ടിത്തെളിച്ച് കൃഷിയിറക്കാന്‍ നിര്‍ബന്ധിതമായി. വ്യക്തികളും സംഘങ്ങളും ഒരുപോലെ വനഭൂമിയില്‍ കൃഷിചെയ്യുന്നതിന് മുന്നിട്ടിറങ്ങി. നാല്‍പതുകളുടെ അവസാനമായപ്പോഴേക്കും തിരുവിതാംകൂര്‍ ഭാഗത്തുനിന്നും ധാരാളമാളുകള്‍ ഇവിടുത്തെ വനഭൂമിയിലേക്ക് കുടിയേറി. ഇതോടെ പഞ്ചായത്തിന്റെ കിഴക്കന്‍മേഖല ജനനിബിഡവും സജീവവുമാകാന്‍ തുടങ്ങി. പുത്തൂര്‍, മാന്ദാമംഗലം, കൈനൂര്‍, നടത്തറ, കൊഴുക്കുള്ളി എന്നീ വില്ലേജുകള്‍ ചേര്‍ന്നതായിരുന്നു അക്കാലത്ത് പൂത്തൂര്‍ പഞ്ചായത്ത്. വായ്ക്കാട്ടില്‍ രാമന്‍ രാമന്‍, വായ്ക്കാട്ടില്‍ രാമന്‍ കൃഷ്ണന്‍, കെ.ശങ്കരന്‍കുട്ടി വാര്യര്‍ എന്നിവര്‍ ആദ്യകാലങ്ങളില്‍ പഞ്ചായത്തുപ്രസിഡന്റുമാരായിട്ടുണ്ട്. ബാലറ്റടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് ആദ്യമായി നടന്നത് 1953-ലാണ്. മൂര്‍ക്കനിക്കരയിലുള്ള ടി.ആര്‍.കൃഷ്ണന്‍മാസ്റ്ററാണ് തെരഞ്ഞെടുക്കപ്പെട്ട ആദ്യഭരണസമിതിയുടെ ആദ്യപ്രസിഡന്റായത്. 1962-ല്‍ നടത്തറ, കൊഴുക്കുള്ളി വില്ലേജുകള്‍ ചേര്‍ന്ന് നടത്തറ പഞ്ചായത്ത് രൂപീകൃതമാകുകയും, അതുവരെ ഒല്ലൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന മരത്താക്കര വില്ലേജ്, പൂത്തൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുകയും ചെയ്തു. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം കേശവന്‍നമ്പ്യാര്‍ പ്രസിഡന്റാകുകയും 16 വര്‍ഷത്തിനുശേഷം 1979-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിവി.മുരളീധരന്‍ പ്രസിഡന്റാകുകയും ചെയ്തു. 1987-ല്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം വി.വി മുരളീധരന്‍ രണ്ടര വര്‍ഷക്കാലം പ്രസിഡന്റായിരുന്നു. തുടര്‍ന്ന് എം.ശങ്കരന്‍കുട്ടി 1994 വരെ പ്രസിഡന്റായിരുന്നു. 1962-63, 1984-87, 1994-95 കാലത്ത് സ്പെഷല്‍ ഓഫീസര്‍മാരാണ് പഞ്ചായത്തുഭരണം നടത്തിയിരുന്നത്. സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് പുത്തൂര്‍, പൊന്നൂക്കര, മുളയം മേഖലകളിലാണ്. തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ഇ.ഇക്കണ്ടവാര്യര്‍, മുന്‍ എം.എല്‍.എ.മാരായ ടി.പി.സീതാരാമന്‍, പി.ആര്‍.കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുത്തൂര്‍ പഞ്ചായത്തിനെ സജീവമാക്കിത്തീര്‍ത്തത്. പ്രജാമണ്ഡലമായിരുന്നു ഇവരുടെ പ്രവര്‍ത്തനവേദി. പഴമക്കാര്‍ ഇന്നും സമ്മിശ്രവികാരത്തോടെ ഓര്‍ക്കാറുണ്ടായിരുന്ന ഒരു ദിനമാണ് 1116 എടവം 13. അന്നാണ് ശക്തമായ കൊടുങ്കാറ്റും പേമാരിയും ഉണ്ടായത്. പറഞ്ഞാലൊടുങ്ങാത്ത നാശനഷ്ടങ്ങളുണ്ടായി. ഇനിയെന്തു ചെയ്യേണ്ടു എന്ന് ചിന്തിച്ച് കൊച്ചി രാജ്യം തരിച്ചുനില്‍ക്കുമ്പോള്‍, ആശ്വാസവാക്കുകളും പ്രവര്‍ത്തനങ്ങളുമായി കടന്നുവന്നത് പ്രജാമണ്ഡലമായിരുന്നു. നടത്തറഗ്രാമോദ്ധാരണം കേന്ദ്രമാക്കിയാണ് ദുരിത്വാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗ്രാമോദ്ധാരണ അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മന്ത്രവുമായി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭണത്തിന്റെ ജ്വാലകള്‍ ഭാരതമാകെ പടരുന്ന കാലത്താണ് പുത്തൂരിലെ കൊങ്ങംപാറ മൈതാനിയില്‍ ബ്രിട്ടന്റെ യുദ്ധ സന്നാഹങ്ങള്‍ക്കെതിരെ (രണ്ടാം ലോകമഹായുദ്ധകാലം) പ്രസംഗിച്ചതിന് ഡോ.കെ.ആര്‍.കുമാരനെ വിയ്യൂര്‍ ജയിലിലടച്ചത്.1944-ല്‍ പഞ്ചായത്തില്‍ പലയിടത്തും വസൂരി പടര്‍ന്നുപിടിച്ചപ്പോള്‍ വീട്ടുകാര്‍ പോലും ഭയം കൊണ്ട് ഉപേക്ഷിച്ച രോഗികള്‍ക്ക് ആശ്വാസമായെത്തിയത് ഡോ.കെ.ആര്‍.കുമാരന്‍, കെ.ശൂലപാണി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രാദേശിക സാമൂഹ്യപ്രവര്‍ത്തകരായിരുന്നു. ഇത്തരം സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍ നിന്നുമാര്‍ജ്ജിച്ച ആത്മവിശ്വാസമാണ് പ്രജാമണ്ഡലത്തിന്റെ തൃശ്ശൂര്‍ താലൂക്കുസമ്മേളനം 1946-ല്‍ പൂത്തൂരില്‍ വെച്ച് നടത്താന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. പുത്തൂര്‍ പുഴയുടെ പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ പുല്ലൂപാടത്താണ് സമ്മേളനവേദിയൊരുക്കിത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് മൂന്ന് ദിവസം നീണ്ടുനിന്ന ഈ സമ്മേളനത്തിന് തികച്ചും ഒരു ഉത്സവഛായ കൈവന്നിരുന്നതായി പഴയ തലമുറക്കാര്‍ സ്മരിക്കുന്നു. അന്നത്തെ സംയുക്തമദിരാശി മുഖ്യമന്ത്രി ആന്ധ്രകേസരി ടി.പ്രകാശമാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. പുത്തൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് 1948-ല്‍ കൊച്ചിരാജ്യ നിയമസഭയിലേക്ക് ഇക്കണ്ടവാര്യര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കൃഷിഭൂമിയില്‍ കുടിയാന്‍മാര്‍ക്ക് സംരക്ഷണം, മര്യാദപാട്ട സമ്പ്രദായം, ചെറുകിട-ഖാദിവ്യവസായ യൂണിറ്റുകളുടെ പ്രോത്സാഹനം എന്നിങ്ങനെ അദ്ദേഹം നേതൃത്വം നല്‍കിയ പല പ്രവര്‍ത്തനങ്ങളും ഈ പ്രദേശത്തിന് വളരെ ഗുണം ചെയ്തു. പറമ്പത്ത്പാടത്ത് നടന്ന സര്‍വോദയക്യാമ്പില്‍ യശഃശരീരനായ പ്രൊഫ.എം.പി.മന്മഥന്‍ അടക്കം നിരവധി സര്‍വോദയനേതാക്കള്‍ പങ്കെടുക്കുകയുണ്ടായി.പഞ്ചായത്തിലെ ആദ്യകാല വിദ്യാകേന്ദ്രങ്ങള്‍ ആശാന്‍കളരിയായിരുന്നു. 1916-ല്‍ ആണ് മണലെഴുത്തും നെയ്ത്തും പഠിപ്പിക്കുന്നതിനായി പൂത്തൂരില്‍ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഇളംതുരുത്തിയിലെ നിസരി കലാക്ഷേത്രം, നൃത്തപരിശീലനരംഗത്തെ ഒരു സ്ഥാപനമാണ്. കൂടാതെ പുത്തൂരിലും ഒരു നൃത്തപരിശീലനകേന്ദ്രം നിലവിലുണ്ട്. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി കൈകൊട്ടിക്കളിയുടെ സംഘങ്ങള്‍ പ്രാദേശികമായി പരിശീലനം സംഘടിപ്പിക്കുകയും ഓണഘോഷങ്ങളോടനുബന്ധിച്ച് അത് അവതരിപ്പിക്കുകയും ചെയ്തുവരുന്നു. ഇളംതുരുത്തി, നമ്പ്യാര്‍ റോഡ് എന്നിവിടങ്ങളിലായി പോത്തോട്ടം നടന്നിരുന്നതായി പറയപ്പെടുന്നു. നാടന്‍കലകളുടെ കൂട്ടത്തില്‍ പ്രധാനമായും കണ്ടുവന്നിരുന്ന കാളകളി, കുതിരകളി, കൊമ്പുമുറംകളി, ഐവര്‍കളി, പൊറോട്ട് നാടകം, പുലിക്കളി, കുമ്മാട്ടി, ചെട്ടിവാദ്യം, ഞാറ്റുപാട്ട്, തുയിലുണര്‍ത്തുപാട്ട്, പുള്ളുവന്‍പാട്ട്, നാവേറ് പാട്ട് തുടങ്ങിയവയില്‍ ചിലതൊഴിച്ചാല്‍ പലതും അന്യം നിന്നുപോയിരുന്നു. ചില കുടുംബ ദൈവങ്ങള്‍ക്കായി നടത്തിവരുന്ന തോറ്റങ്ങളുടെ ഭാഗമായുള്ള കളമെഴുത്ത്, തോറ്റംപാട്ട് തുടങ്ങിയവയും നടക്കാറുണ്ട്. അയ്യപ്പന്‍വിളക്കിന്റെ ഭാഗമായുള്ള ചില അനുഷ്ഠാനകലാരൂപങ്ങളാണ് ഇവയെല്ലാം. നെല്‍വയലുകളെ ക്രമേണ തെങ്ങിന്‍ തോപ്പുകളാക്കിമാറ്റുന്ന പ്രവണതയാണ് സമീപകാലത്ത് കണ്ടുവരുന്നത്. കുന്നിന്‍പുറങ്ങളില്‍ മരച്ചീനി, നെല്ല് (മോടോന്‍ വെത) തുവര, ഇഞ്ചിപ്പുല്ല്, ഇഞ്ചി, മഞ്ഞള്‍ വിവിധ ഇനം പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ 1970-കളോടെ തെങ്ങ്, കശുമാവ് എന്നിങ്ങനെയുള്ള കൃഷികളിലേക്ക് തിരിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. പുഴയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള നെല്‍പാടങ്ങള്‍ ഇഷ്ടിക നിര്‍മ്മാണത്തിനും, കളിമണ്‍ വ്യവസായത്തിനും വഴി മാറിക്കൊടുത്തു